കൊടകര കുഴല്‍പ്പണ കേസ്: ‘കെ. സുരേന്ദ്രനെ രക്ഷിക്കാൻ പൊലീസും ഇഡിയും തമ്മില്‍ മത്സരം’: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂ ട്ടത്തില്‍.

ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രൻ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം.

കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട്‌ പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
എങ്ങനെയെങ്കിലും ബിജെപിക്ക് പത്തു വോട്ട് പിടിച്ചു കൊടുക്കാൻ ആണ് സിപിഎമ്മിന്റെ ശ്രമം.

ആറുമാസം മുൻപ് പൂരം കലക്കി മുരളീധരനെ തോല്‍പ്പിച്ചവരാണ് സിപിഎം. മുരളീധരൻ പാലക്കാട് വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഎം ബിജെപി ഡീലിനെ നേരിട്ട് എതിർക്കുന്ന വി എസ് സുനില്‍കുമാർ പാലക്കാട്‌ പ്രചാരണത്തിന് വരണം.

ധീരജ് വധകേസ് പ്രതികളെ പാലക്കാട്‌ പ്രചാരണത്തിന് കൊണ്ടു വന്നെന്ന ഡിവൈഎഫ്‌ഐ ആരോപണം വെറും തമാശയാണെന്നും രാഹുല്‍ പറഞ്ഞു. വെറും ഫാൻസ് അസോസിയേഷൻ ആയ ഡിവൈഎഫ്‌ഐ ഇനിയെങ്കിലും ഗൗരവതരമായ കാര്യങ്ങള്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ വിമർശിച്ചു.