Site icon Malayalam News Live

കൊച്ചി മെട്രോ ഏഴാം വയസിലേക്ക്; പിറന്നാള്‍ ആഘോഷമാക്കാൻ നിരവധി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും; മെഗാ ഫെസ്റ്റിന് തുടക്കം

കൊച്ചി: മെട്രോ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ജൂണ്‍ പതിനേഴിന് ഏഴ് വർഷം തികയുന്നു.

ഈ ദിവസം കേരള മെട്രോ റെയില്‍ ഡേ ആയി ആചരിച്ച്‌ വരികയാണ്.
2024 ഏപ്രില്‍ 25ന് കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ച്‌ ഒരു വർഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികാഘോഷവും കേരള വാട്ടർ മെട്രോ ദിനവും ജൂണ്‍ പതിനേഴിന് ആചരിക്കുകയാണ്.

ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെഎംആർഎല്‍. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2024 എന്ന പേരില്‍ ഇന്ന് മുതല്‍ ജൂണ്‍ 29 വരെ മെട്രോ സ്റ്റേഷനുകളില്‍ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.

കൊച്ചി മെട്രോ മെഗാ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഇന്ന് കെഎംആർഎല്‍ കോർപ്പറേറ്റ് ഓഫീസില്‍ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ നിർവ്വഹിച്ചു. ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

എറണാകുളം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹൈക്കോർട്ട് ജംഗ്ഷൻ വാട്ടർ മെട്രോ ടെർമിനലില്‍ ബാലവേല വിരുദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളും നടന്നു.
ആഘോഷങ്ങളുടെ ഭാഗമായി റോബോട്ടിക് എക്സ്പോ, ഭക്ഷണമേള, ഗസല്‍ സംഗീത വിരുന്ന്, ഫാഷൻ ഷോ, ക്വിസ് മത്സരം, ചെസ് മത്സരം, ചിത്രരചനാ മത്സരം, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ ജൂണ്‍ 29 വരെയുള്ള തീയതികളില്‍ വിവിധ മെട്രോ സ്റ്റേഷനുകളിലും വാട്ടർ മെട്രോ ടെർമിനലുകളിലും നടക്കുമെന്നും കെഎംആർഎല്‍ വാർത്താ കുറിപ്പില്‍ അറിയിച്ചു.

Exit mobile version