Site icon Malayalam News Live

കൊച്ചി കടവന്ത്രയിൽ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തൽ; 2 പോലീസുകാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എ എസ് ഐ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. കടവന്ത്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനാശ്യാസ കേന്ദ്രങ്ങളില്‍ ഒക്ടോബറില്‍ പരിശോധന നടത്തിയിരുന്നു.

ഇതിനിടയില്‍ കടവന്ത്രയിലെ ഒരു അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.
പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം കടവന്ത്രയിലെ ഒരു ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍ അന്വേഷണത്തിലാണ് പോലീസുകാരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്.

എ.എസ്.ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചിയിലെ മറ്റ് പെണ്‍വാണിഭ സംഘങ്ങളുടെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ടോ എന്നതിലേക്കാണ് അന്വേഷണം നീളുക.

Exit mobile version