Site icon Malayalam News Live

ലോഡ്‌ജ് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന; സംഘത്തില്‍ മലയാളി മോഡലും; മുഖ്യകണ്ണികള്‍ക്കായി തെരച്ചില്‍

കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച്‌ ലഹരിവില്പന നടത്തിവരികയായിരുന്ന മോഡലുള്‍പ്പെട്ട ആറംഗസംഘം പിടിയിലായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സംഭവത്തിലെ മുഖ്യകണ്ണികളായ ബോസ്, ഇക്ക എന്നിവർക്കായുള്ള തെരച്ചില്‍ പൊലീസ് ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അൻസാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസർ (18), തൃശൂർ സ്വദേശി ഐ.ജി. അതുല്‍(18) എന്നിവർ അറസ്റ്റിലായത്.

വില്പനയ്‌ക്കെത്തിച്ച കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവ കണ്ടെടുത്തിരുന്നു. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ആഷിഖിന്റെ പേരിലാണ് റൂം എടുത്തിരുന്നത്.

കഴിഞ്ഞ 13 മുതല്‍ സംഘം ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. പരിശോധനയ്ക്കായി എളമക്കര പൊലീസും ഡാൻസാഫും ലോഡ്ജില്‍ എത്തുമ്പോള്‍ ഇവർ ലഹരിലായിരുന്നു.

പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച്‌ ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൂരജും രഞ്ജിത്തും നിരവധി ലഹരിക്കേസുകളില്‍ മുമ്ബും പിടിയിലായിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്പന നടത്തിവരികയായിരുന്നു.

Exit mobile version