Site icon Malayalam News Live

കൊച്ചി – ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസിലും സുപ്രധാനമായ മാറ്റം; എല്‍എച്ച്‌ബി കോച്ചുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ റെയില്‍വേ; അടുത്ത മാസം മുതല്‍ യാഥാര്‍ത്ഥ്യമാകും

കൊച്ചി: ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലും എല്‍എച്ച്‌ബി കോച്ചുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ റെയില്‍വേ.

നിലവില്‍ ഐസിഎഫ് കോച്ചുകളാണ് ഈ റൂട്ടിലോടുന്ന ട്രെയിനില്‍ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് 14 എല്‍എച്ച്‌ബി കോച്ചുകള്‍ ഇന്റര്‍സിറ്റിക്കായി അനുവദിച്ച്‌ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത മാസം മുതല്‍ ഈ ട്രെയിന്‍ എല്‍എച്ച്‌ബി കോച്ചുകളിലേയ്ക്ക് മാറുമെന്നാണ് വിവരം. എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറുന്നതോടെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ 300-ല്‍ അധികം സീറ്റുകളുടെ വര്‍ദ്ധനവ് ഉണ്ടാകും.

ബംഗളൂരുവില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 4.55 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് രാവിലെ 9.10 ന് യാത്ര തിരിക്കുന്ന ഇന്റര്‍സിറ്റി രാത്രി 7.50 ന് ബംഗളുരുവില്‍ എത്തും.

കോച്ചുകള്‍ എല്‍എച്ച്‌ബി ആക്കുമെന്നല്ലാതെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം, യാത്രക്കാര്‍ വളരെ കാലമായി കാത്തിരിക്കുന്ന കൊച്ചി – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് വിവരം.

കര്‍ണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) ഓഫിസില്‍ ഡിവിഷണല്‍ ഓപറേഷന്‍സ് മാനേജര്‍ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ദേഭാരതിന്റെ കേരള സര്‍വിസ് സംബന്ധിച്ച്‌ മറുപടി നല്‍കിയത്.

Exit mobile version