Site icon Malayalam News Live

ഫ്രിഡ്ജിന്റെ മുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത 6 സാധനങ്ങൾ ഇതാണ്

കൊച്ചി: അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ അടുക്കളയിൽ ഫ്രിഡ്ജ് അത്യാവശ്യം തന്നെയാണ്. എന്നാൽ അടുക്കളയിൽ മതിയായ സ്ഥലം ഇല്ലാതെ വരുമ്പോൾ ഫ്രിഡ്ജിന് മുകളിൽ സാധനങ്ങൾ സൂക്ഷിക്കുന്ന രീതി പല വീടുകളിലുമുണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഉപകരണങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. ഈ വസ്തുക്കൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കരുത്.

പാചക എണ്ണ

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പാചക എണ്ണ. എന്നാലിത് ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കുമ്പോൾ ചൂടും വെളിച്ചവുമേറ്റ് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.

ക്ലീനറുകൾ

വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. ചൂടേൽക്കാത്ത സ്ഥലത്താവണം ഇത്തരം വസ്തുക്കൾ വയ്ക്കേണ്ടത്. അതിനാൽ തന്നെ നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ ഇവ സൂക്ഷിക്കുന്നതാണ് ഉചിതം.

കേടുവരുന്ന ഭക്ഷണ സാധനങ്ങൾ

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ എളുപ്പമായിട്ട് തോന്നുമെങ്കിലും പെട്ടെന്നു കേടുവരുന്ന ഭക്ഷ്യ വസ്തുക്കൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഈ ഭാഗത്ത് ചൂട് കൂടുതലാണ്. ഇത് സാധനങ്ങൾ എളുപ്പം കേടുവരാൻ കാരണമാകുന്നു.

ചെറിയ ഉപകരണങ്ങൾ

അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കരുത്. ഇത് ഫ്രിഡ്ജിനും ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കുന്നു.

മരുന്നുകൾ

വീടുകളിലെ സ്ഥിരം കാഴ്ച്ചയാണ് മരുന്നുകൾ ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കുന്ന രീതി. ചൂടേൽക്കുമ്പോൾ ഇവ കേടുവരാൻ സാധ്യത കൂടുതൽ ആയതിനാൽ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ വയ്ക്കരുത്. തണുപ്പുള്ള ഉണങ്ങിയ സ്ഥലങ്ങളിലാണ് മരുന്ന് സൂക്ഷിക്കേണ്ടത്.

തീപിടിക്കുന്ന വസ്തുക്കൾ

തീപ്പെട്ടി, മെഴുകുതിരി, ലൈറ്റർ തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ വയ്ക്കരുത്. ഇത് തീപിടുത്ത സാധ്യത കൂട്ടുന്നു.

Exit mobile version