Site icon Malayalam News Live

കോട്ടയം കിടങ്ങൂരിൽ അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

കിടങ്ങൂര്‍: അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും, പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ പിതാവിനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ കുട്ടിച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69), ഇയാളുടെ മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടു കൂടി ചെമ്പിലാവ് ഭാഗത്തുള്ള ഇവരുടെ വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവര്‍ പടക്ക നിർമ്മാണത്തിനുവേണ്ടി ലൈസന്‍സോ ,മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.ഐ മാരായ കുര്യൻ മാത്യു, വിനയൻ, സുധീർ പി.ആർ, സി.പി.ഓമാരായ അരുൺകുമാർ പി.സി, സന്തോഷ് കെ കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Exit mobile version