Site icon Malayalam News Live

സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്നത് അസാധ്യം, വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിന്റെ വിവേചനാധികാരമാണ്, കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യം; ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നല്‍കി

തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിര്‍ദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നല്‍കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് കത്ത് നല്‍കിയതെന്ന അസോസിയേഷൻ അറിയിച്ചു. ഓരോ സിനിമയിലും വിപണിമൂല്യവും സര്‍ഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണ്.

വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിന്റെ വിവേചനാധികാരമാണ്. പുരുഷന്മാരേക്കാള്‍ കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്ത്രീകളും സിനിമയിലുണ്ടെന്ന് കത്തിൽ പ്രതിപാദിക്കുന്നു. കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും ഇത്തരം നിര്‍ദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു.

ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്നും കത്തിൽ അസോസിയേഷൻ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

Exit mobile version