Site icon Malayalam News Live

ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കേരള വാട്ട‍ർ അതോറിറ്റി നല്‍കുന്ന സൗജന്യ കുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ജനുവരി ഒന്നു മുതല്‍ 31 വരെ സമ‍‍ർപ്പിക്കാം.

പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.

ആനുകൂല്യം ലഭിക്കുന്നതിനായി നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷകള്‍ 2026 ജനുവരി 31ന്‌ മുൻപ് https://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കണം. ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും.

വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31നു മുൻപ് അപേക്ഷ കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.

ഈ വർഷം മുതല്‍ വാടകവീടുകളില്‍ താമസിക്കുന്നവ‍‍ർക്കും ബി.പി.എല്‍. ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വാട്ട‍ർ അതോറിറ്റി സെക്ഷൻ ഓഫിസ് സന്ദർശിക്കുകയോ ടോള്‍ഫ്രീ നമ്ബരായ1916ല്‍ വിളിക്കുകയോ ചെയ്യാം.

Exit mobile version