Site icon Malayalam News Live

വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ; ഇനി ഇങ്ങോട്ട് ആവശ്യപ്പെട്ടാലും യുഡിഎഫിൽ അംഗമാക്കില്ല

എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപിയെ ഇനി യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഇനി യുഡിഎഫിൻ്റെ ഭാഗമാകാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചാലും മുന്നണിയുടെ ഭാഗമാക്കില്ല. എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായി വിലപേശൽ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

നിലവിൽ എൻഡിഎ ഉപാധ്യക്ഷനാണ് വിഷ്‌ണുപുരം ചന്ദ്രശേഖരൻ. ഇദ്ദേഹത്തിൻ്റെ വിഎസ്‌ഡിപി പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കുന്നതായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം തള്ളിയ ചന്ദ്രശേഖരൻ, ഇങ്ങനെയൊരു ആവശ്യം താൻ മുന്നോട്ട് വച്ചിട്ടില്ലെന്നും അതിനായി ആർക്കും കത്ത് നൽകിയിട്ടില്ലെന്നും പറഞ്ഞിരുന്നു. തൻ്റെ അപേക്ഷ പുറത്തുവിടാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതോടെ കോൺഗ്രസ് – യുഡിഎഫ് നേതാക്കൾ പ്രതിരോധത്തിലായിരുന്നു. അതിന് പിന്നാലെയാണ് ഇനി വിഷ്ണുപുരം ചന്ദ്രശേഖരനെ കോൺഗ്രസിന്റെ ഭാഗമാക്കില്ലെന്ന് മുന്നണി തീരുമാനിച്ചിരിക്കുന്നത്.

Exit mobile version