തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങള്‍ ഉള്‍പ്പെടെ) കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ – കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു.
വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
