തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയർ പാർലറുകളിലും മദ്യ വില്പന സമയം ഒരു മണിക്കൂർ കൂടുതല്‍ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍ എക്‌സൈസ് വകുപ്പ്.
നിലവിലെ നിയന്ത്രണം അനുസരിച്ച് രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ടൂറിസം കേന്ദ്രങ്ങളിലെ മദ്യ വില്പന സമയം. എന്നാല്‍, പുതിയ വിജ്ഞാപനപ്രകാരം രാവിലെ 10 മുതല്‍ രാത്രി 12 വരെ മദ്യ വില്പനയ്ക്കുള്ള അനുമതി ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ 74 പുതിയ ടൂറിസം കേന്ദ്രങ്ങളും ഈ പരിധിയില്‍ സർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കോർപ്പറേഷൻ പരിധിയിലുള്ള കൊച്ചി നഗരത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, നഗരത്തിലെ എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത് പ്രദേശങ്ങള്‍ ഈ നീട്ടിയ സമയ പരിധിക്കുള്ളിലായിരിക്കും. തിരുവനന്തപുരം നഗരത്തില്‍ ഒരു ടൂറിസം കേന്ദ്രം ഉള്‍പ്പെടുത്തിയെങ്കിലും ഇതിന് 200 മീറ്ററിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്.
