Site icon Malayalam News Live

കേരളത്തില്‍ കാലവര്‍ഷം എത്തുന്നത് വൈകും; ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നാണ് അറിയിപ്പ്.

കളളക്കടല്‍ പ്രതിഭാസത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാല്‍ കേരളത്തില്‍ കാലവർഷം എത്തുന്നത് വൈകാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ജൂണ്‍ ആദ്യവാരത്തില്‍ കാലവർഷം സജീവമാകുമെന്നാണ് നിലവിലെ സൂചന.

അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി പടിഞ്ഞാറൻ കാറ്റിന്റെ കേരളത്തിലേക്കുള്ള സഞ്ചാരത്തെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യം ദുർബലമാകുകയോ പടിഞ്ഞാറോട്ട് നീങ്ങുകയോ ചെയ്താല്‍ മാത്രമേ കാലവർഷത്തിന് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂല സാഹചര്യമൊരുങ്ങൂ.

നേരത്തെ മെയ് 26-ന് തന്നെ കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Exit mobile version