Site icon Malayalam News Live

കേരളമൊന്നാകെ കൊടും വേനലിൽ വലയുന്നു; വയനാട്,ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരുമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് നാൽപ്പത് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. സാധാരണയേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. വയനാട്, ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരും. ചൂടും ഈർപ്പമേറിയതുമായ അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുളളതിനാൽ വെയിലേൽക്കുമ്പോൾ കരുതണമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി മുതൽ തെക്കോട്ടുളള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

Exit mobile version