Site icon Malayalam News Live

തെങ്ങണയിലെ ബാറിൽ യുവാവിനെ കുത്തിവീഴ്ത്തുകയും തടയാനെത്തിയവരെ ആക്രമിക്കുകയും ചെയ്ത സംഘം കോട്ടയം സ്‌റ്റേഷനിലെത്തി ട്രെയിൻ യാത്രക്കാരന്റെ തല ബീയർ കുപ്പി കൊണ്ട് അടിച്ചുപൊട്ടിച്ചു; സംഭവത്തിൽ ​ഗുണ്ടാസംഘത്തിലെ 7 പേരെ തൃക്കൊടിത്താനം പൊലീസും കോട്ടയം റെയിൽവേ പൊലീസും ചേർന്ന് പിടികൂടി

കോട്ടയം: തെങ്ങണയിലെ ബാറിലും കോട്ടയം റെയിൽവേ ‌സ്റ്റേഷനിലുമായി ആക്രമണം നടത്തിയ ഗുണ്ടാസംഘത്തെ റിമാൻഡ് ചെയ്തു‌തു. തെങ്ങണയിലെ ബാറിൽ യുവാവിനെ കുത്തിവീഴ്ത്തുകയും തടയാനെത്തിയവരെ ആക്രമിക്കുകയും ചെയ്ത സംഘം കോട്ടയം സ്‌റ്റേഷനിലെത്തി ട്രെയിൻ യാത്രക്കാരന്റെ തല ബീയർ കുപ്പി കൊണ്ട് അടിച്ചുപൊട്ടിച്ചു.

9 പേരടങ്ങുന്ന സംഘമാണ് ബാറിനു മുൻപിൽ ആക്രമണം നടത്തിയത്. ആക്രമണശേഷം മംഗളൂരുവിലേക്കു കടക്കാൻ ശ്രമിച്ച സംഘത്തിലെ 2 പേരാണ് ‌സ്റ്റേഷനിൽ ആക്രമണം നടത്തിയത്. ഇരുസംഭവങ്ങളിലുമായി 7 പേരെയാണ് തൃക്കൊടിത്താനം പൊലീസും കോട്ടയം റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. 2 പേർ ഒളിവിലാണ്.

ബാറിലെ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചങ്ങനാശേരി പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അമീൻ (23), കുറിച്ചി മന്ദിരം തകിടിപ്പറമ്പിൽ സിയാദ് ഷാജി (32) എന്നിവരെ കോട്ടയം റെയിൽവേ പൊലീസും കുരിശുംമൂട് മുന്തിരിക്കവല കാഞ്ഞിരത്തിൽ സാജു ജോജോ (30), തൃക്കൊടിത്താനം കടമാൻചിറ ചക്കാലയിൽ ടോൺസൺ ആന്റണി (25), തെങ്ങണ വട്ടച്ചാൽപടി പുതുപ്പറമ്പിൽ കെവിൻ (26), ഫാത്തിമാപുരം നാലുപാറയിൽ ഷിബിൻ (25), തൃക്കൊടിത്താനം മാലൂർക്കാവ് അമ്പാട്ട് ബിബിൻ വർഗീസ് (37) എന്നിവരെ തൃക്കൊടിത്താനം പൊലീസുമാണ് അറസ്‌റ്റു ചെയ്‌ത്.

പൊലീസിന്റെ ആൻ്റി സോഷ്യൽ ലിസ്‌റ്റിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്. തിങ്കളാഴ്‌ച രാത്രി 8നു തെങ്ങണയിലെ ബാറിലാണ് ഒൻപതംഗ സംഘം ആദ്യആക്രമണം നടത്തിയത്. ബാറിനു മുന്നിൽ നിന്ന, പായിപ്പാട് താമസിക്കുന്ന ജോമോനെയാണ് (27) കുത്തി വീഴ്ത്തിയത്. മണ്ണുവിൽപനയുമായി ബന്ധപ്പെട്ടു ഗുണ്ടാപ്പിരിവ് ജോമോനോട് ആവശ്യപ്പെടുകയായിരുന്നു.

ജോമോനെ പല തവണ ഹെൽമറ്റ് കൊണ്ട് അടിച്ചശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോമോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോമോനെ രക്ഷിക്കാനെത്തിയവരെയും സംഘം ആക്രമിച്ചു. പൊലീസ് എത്തും മുൻപേ ഗുണ്ടാ സംഘം മുങ്ങി. ഇതിനു ശേഷം സംഘത്തിലെ സിയാദ് ഷാജിയും മുഹമ്മദ് അമീനും മലബാർ എക്സ്സ്പ്രസിൽ മംഗളൂരുവിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു.

ട്രെയിൻ കോട്ടയം സ്‌റ്റേഷനിലെത്തിയപ്പോൾ വാതിൽപ്പടിയിൽ തടസ്സമായി ഇരുന്ന സിയാദിനോടും മുഹമ്മദ് അമീനോടും മാറാൻ യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി പി. വിനു (40) ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായി ഇരുവരും ചേർന്ന് വിനുവിനെ ആക്രമിച്ചു. ബാഗിൽ കരുതിയ ബീയർകുപ്പി കൊണ്ട് വിനുവിന്റെ തലയ്ക്ക് അമീൻ അടിക്കുകയായിരുന്നുവെന്നു റെയിൽവേ പൊലീസ് പറഞ്ഞു. വിനുവിൻ്റെ തലയ്ക്ക് 7 തുന്നിക്കെട്ടുണ്ട്. ഇരുവരും പ്ലാറ്റ്ഫോമിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഇവരെ ഏറെ ശ്രമകരമായാണ് റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് പിടികൂടിയത്. സെല്ലിനുള്ളിൽ ഇരുവരും ഭീഷണി മുഴക്കി. ബാറിൽ സംഘർഷം നടത്തിയ മറ്റ് 5 പേരെ തൃക്കൊടിത്താനം പൊലീസ് വിവിധയിടങ്ങളിൽ നിന്നുമായാണ് പിടികൂടിയത്. കോട്ടയം റെയിൽവേ പൊലീസ് ഇൻസ്പെക്‌ടർ റെജി പി ജോസഫ്, തൃക്കൊടിത്താനം എസ്‌എച്ച്ഒ എം.ജെ. അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്‌റ്റ്. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version