Site icon Malayalam News Live

പനിപിടിച്ച്‌ കേരളം..! സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനു മുൻപേ പകർച്ചപ്പനി രൂക്ഷമാകുന്നു; 1.48 ലക്ഷം കടന്ന് രോഗികള്‍; അമീബിക് മസ്തിഷ്കജ്വര മരണം 13; ആശങ്കയായി എബോള വ്യാപനം; എലിപ്പനി, മലേറിയ, ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനു മുമ്പേ പകർച്ചപ്പനി രൂക്ഷമായി.

ഈ മാസം മാത്രം രോഗബാധിതർ 1.48 ലക്ഷം കടന്നു. 26 ദിവസത്തനിടെ 1,48,089 പേരാണ് വിവിധ പനികള്‍ ബാധിച്ച്‌ ചികിത്സ തേടിയത്. എലിപ്പനി, മലേറിയ, ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരവും വ്യാപകമാണ്. 10 പേരാണ് ഈമാസം പനിബാധിച്ച്‌ മരിച്ചത്. എട്ടുപേർ എലിപ്പനി ബാധിച്ചും രണ്ടു പേർ ഡെങ്കി ബാധിച്ചുമാണ് മരിച്ചത്.

ആഫ്രിക്കൻ രാജ്യങ്ങളില്‍ പടരുന്ന എബോളയെ സംസ്ഥാനം കരുതിയിരിക്കുന്നതിനാല്‍ എല്ലാ പനിബാധിതരുടെയും വിദേശയാത്ര ചരിത്രമുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. സാധാരണ പകർച്ചപ്പനിയുടെ ലക്ഷണങ്ങളാണ് എബോളയ്ക്കുമുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പനിപടരുന്നതിനിടെ എബോള ആശങ്കയാകുന്നത്.

ഈമാസം ഇതുവരെ 1.44 ലക്ഷം പേരാണ് പകർച്ചപ്പനിക്ക് ചികിത്സതേടിയത്. ഇന്നലെ മാത്രം 7705 പേരെത്തി.

3005പേരാണ് ഡ‌െങ്കിപ്പനിക്ക് ചികിത്സതേടിയത്. ഇതില്‍ 703 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

എലിപ്പനി ലക്ഷണങ്ങളോടെ എത്തിയ 224 പേരില്‍ 122 പേർക്ക് രോഗം കണ്ടെത്തി. മറ്റുള്ളവരുടെ അന്തിമഫലം ലഭ്യമാകാനുണ്ട്. പ്രധാനമായും ജലാശയങ്ങളില്‍ നിന്ന് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വലിയ വെല്ലുവിളിയാണ്. ഈമാസം 27 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 13പേരും മരിച്ചു.

Exit mobile version