Site icon Malayalam News Live

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച്‌ ഉത്തരവിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച്‌ ഉത്തരവിറക്കി.വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ രണ്ടായി തിരിച്ചാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിട്ടുള്ളത്.

 

ആദ്യഘട്ട പോളിങ് നടക്കുന്ന തെക്കൻ ജില്ലകളില്‍ ഡിസംബർ ഏഴു മുതല്‍ ഒൻപത് വരെയാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 11ന് പോളിങ് നടക്കുന്ന വടക്കൻ ജില്ലകളില്‍ ഡിസംബർ ഒൻപത് മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരിക്കും മദ്യവില്‍പന നിരോധനം. ഇതിനു പുറമെ, വോട്ടെണ്ണല്‍ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

 

അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് തെരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി അതിർത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ സമാനമായ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർഥിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കത്ത് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

Exit mobile version