Site icon Malayalam News Live

റസ്‌റ്റോറന്റുകളില്‍ ബിയര്‍; ബാറുകളില്‍ കള്ള്; ഒന്നാം തീയതിയിലും മദ്യം; ടൂറിസം രംഗത്ത് അടിമുടി മാറാനൊരുങ്ങി കേരളം

തിരുവനന്തപുരം: ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാകുന്നു.

റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ അതിഥികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കും ലൈസന്‍സ് വിതരണം ചെയ്യുക.

ഇതിനായി ഒരു ലക്ഷം രൂപ വരെ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ വിഷയം സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്യും.

നയപരമായ കാര്യമായതിനാല്‍ ഇടത് മുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയാകും. ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളില്‍ ബീയറും വൈനും വിളമ്ബാം.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നയം തന്നെയാണ് ഇക്കാര്യത്തിലും. കഴിഞ്ഞ മദ്യനയത്തിലായിരുന്നു രണ്ട് പ്രഖ്യാപനങ്ങളും.

കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒന്നാം തീയതിയില്‍ മദ്യശാലകള്‍ അടച്ചിടുന്നത് പിന്‍വലിച്ചാല്‍ അതിലൂടെ 12 ദിവസം അധികമായി പ്രവൃത്തി ദിവസങ്ങള്‍ ലഭ്യമാകും. വരുമാനത്തിലും വലിയ വര്‍ദ്ധനവ് സാദ്ധ്യമാകും.

Exit mobile version