Site icon Malayalam News Live

കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കിയിട്ടും രക്ഷയില്ല; തമിഴന്മാര്‍ക്ക് പ്രിയം കേരള ബ്രാൻഡുകള്‍; കേരളത്തില്‍ മദ്യവില്‍പ്പന പൊടിപൊടിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ അത് കാര്യമായി കുറയുന്നു; കാരണം തേടിയുള്ള അന്വേഷണവുമായി എക്‌സൈസ് സംഘം

തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന പൊടിപൊടിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ അത് കാര്യമായി കുറയുന്നു.

മാത്രമല്ല തമിഴ്‌നാട്ടുകാർ മദ്യം വാങ്ങാൻ കൂട്ടത്തോടെ കേരളത്തിലെത്തുകയും ചെയ്യുന്നു.
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കിയിട്ടും ഉത്തരം കിട്ടാതായതോടെ തമിഴ്‌നാട് എക്‌സൈസ് നേരിട്ട് കേരളത്തിലെത്തി കച്ചവടത്തിന് പിന്നിലെ ഗുട്ടൻസ് കണ്ടെത്താനുള്ള ശ്രമമായി.

ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നുളള എക്‌സൈസ് സംഘം കേരള അതിർത്തിയായ പാറശാലയിലെ ബിവറേജ് കോർപ്പറേഷന്റെ മദ്യവില്‍പ്പന ശാലയിലെത്തിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് തമിഴ്നാട് എക്‌സൈസ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ മദ്യക്കടയിലെത്തിയത്. കൂടുതല്‍ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡ്, വില എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് അവർക്ക് അറിയേണ്ടിയിരുന്നത്.

ഇതെല്ലാം ജീവനക്കാരോട് ചോദിച്ചെങ്കിലും അവർ നല്‍കാൻ തയ്യാറായില്ല. ഹെഡ് ഓഫീസില്‍ നിന്ന് നിർദ്ദേശം ഉണ്ടെങ്കിലേ വിവരങ്ങള്‍ കൈമാറാൻ കഴിയൂ എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ കിട്ടില്ലെന്ന് വ്യക്തമായതോടെ തങ്ങളുടെ നാട്ടില്‍ നിന്ന് മദ്യം വാങ്ങാൻ എത്തിയവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി തമിഴ്‌നാട് സംഘത്തിന്റെ ശ്രമം.

കേരളത്തില്‍ രാവിലെ പത്തുമണിമുതല്‍ മദ്യം കിട്ടും. എന്നാല്‍ തമിഴ്‌നാട്ടില്‍ മദ്യം കിട്ടാൻ പന്ത്രണ്ടുമണിയാവണം. ഇത് വില്പന കുറയാൻ ഒരു കാരണമെന്നാണ് തമിഴ്‌നാട്ടുകാരായ മദ്യപ്രേമികള്‍ അറിയിച്ചത്. വില്പനശാലയ്ക്കുമുന്നില്‍ സ്ഥാപിച്ചിരുന്ന വിലനിലവാര ബോർഡുകളുടെ പട്ടികയുടെ ഫോട്ടോയും പകർത്തിയാണ് തമിഴ്‌നാട് സംഘം മടങ്ങിയത്.

Exit mobile version