തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ക്യാമ്പ് സജീവമാകുമ്പോള്‍, മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ക്കിടയില്‍ വൻ പടയൊരുക്കമാണ് നടക്കുന്നത്.
നേതാക്കള്‍ തന്നെ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളെ നിര്‍ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സാധ്യതാ പട്ടികയിലുള്ള നേതാക്കള്‍ നേരിട്ട് ഇക്കാര്യങ്ങളില്‍ പ്രതികരിച്ചില്ലെങ്കിലും നീക്കങ്ങള്‍ സജീവമാണ്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ തല്‍ക്കാലം ഒതുങ്ങിയെന്ന് കരുതുമ്പോഴാണ് പുതിയ വിവാദത്തിന് വിക്കിപീഡിയ വഴിയൊരുക്കിയിരിക്കുന്നത്. കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജില്‍ അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയില്‍ മനഃപൂർവ്വം ആരോ വരുത്തിയ മാറ്റമാണിതെങ്കിലും ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്. വിവാദമായതോടെ ഈ ഭാഗം പേജില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയത് നിർണ്ണായകമായി.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് സുധാകരൻ ഖാർഗെയെ നേരിട്ട് അറിയിച്ചു. കേരളത്തിന് കെ.സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് ആവശ്യമെന്നും തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് ഇത്തരം ചർച്ചകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരന്നു.
