ഇടുക്കി: മാർക്സിസ്റ്റ് കോർപറേറ്റ് പാർട്ടി ആയി സിപിഎം മാറിയെന്ന് കെ.സിവേണുഗോപാല്‍ എംപി. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാലും ഈ സർക്കാരിന്റെ കാലത്ത് ജോലിയില്ല.
സഖാക്കള്‍ക്ക് പിൻവാതില്‍ വഴി നിയമനം നല്‍കുന്നു. മുഖ്യമന്ത്രി പിണറായി അഹങ്കാരത്തിന്റെ കൊടുമുടിയിലാണെന്നും സമനില തെറ്റിയിരിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഭൂവിഷയത്തില്‍ ശത്രുപക്ഷത്താണ് സർക്കാരെന്നും കൃഷിക്കാർക്ക് വേണ്ടിയുള്ള സർക്കാരായിരിക്കും യുഡിഎഫിന്റേതെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
പത്തുവർഷം ഭരണം കിട്ടിയതിന്റെ അഹങ്കാരത്തിലാണ് പിണറായി വിജയനെന്നാണ് വേണുഗോപാല്‍ ആരോപിച്ചത്. കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശുന്നുവെന്നും എംപി അഭിപ്രായപ്പെട്ടു.
മറ്റുപല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിപ്പിച്ചതാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്നും കേരളത്തിലും കൃത്യമായി നടപ്പിലാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കൂടാതെ, പിണറായിയോട് അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്നുവെന്നും പിണറായിയുടെ സമനില തെറ്റിയെന്നും പറഞ്ഞ കെ.സി വേണുഗോപാല്‍ എല്ലാത്തിലും ബിജെപിയുമായി ഒത്തുകളി നടത്തുന്നുവെന്നും ആരോപിച്ചു.
