കായംകുളം താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ആശുപത്രിയിൽ എത്തിയ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറി ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ : കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവത്തിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
രണ്ടാഴ്ച മുമ്പാണ് സംഭവം. പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുളച്ചു കയറിയത്. മറ്റേതോ രോഗിക്ക് കുത്തിവെപ്പെടുത്ത സൂചിയാണ് കട്ടിലിലുണ്ടായിരുന്നത്.
ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്പ് കിടക്കവിരി ഉള്‍പ്പെടെ മാറ്റി ശുചീകരണം നടത്തണം.എന്നാലത് പാലിച്ചില്ല.
ആശുപത്രി ജീവനക്കാരുടെ അലംഭാവം കാരണമാണ് സൂചി തുളച്ചുകയറിയതെന്നാണ് പരാതി. സൂചി തുളച്ചുകയറിയതിനാല്‍ എച്ച്.ഐ.വി അടക്കമുള്ള പരിശോധനകള്‍ ചെയ്യേണ്ടിവരും.