Site icon Malayalam News Live

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടല്‍; കൂടുതല്‍ സൈനികര്‍ കുല്‍ഗാമിലേക്ക്

ശ്രനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍.

ദക്ഷിണ കശ്‌മീരിലെ കുല്‍ഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുല്‍ഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ സൈനിക സംഘം പരിശോധനയ്ക്ക് പോയിരുന്നു. ഇവർക്ക് നേരെ വന മേഖലയില്‍ നിന്ന് ആക്രമണം ഉണ്ടായി. തുടർന്ന് സൈനികരും തിരികെ വെടിയുതിർത്തു.

ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുന്നതായാണ് വിവരം. വിവരമറിഞ്ഞ് കൂടുതല്‍ സൈനികരും സിആർപിഎഫ് ജവാന്മാരും സ്ഥലത്തേക്ക് പുറപ്പെട്ടതായി സൈന്യം അറിയിച്ചു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അബർബല്‍ വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന പ്രദേശമാണ് തങ്മാർഗ്.

Exit mobile version