Site icon Malayalam News Live

മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിന് പൊടിപൊടിച്ചത് 33 കോടി രൂപ; സംഭവം നടന്നത് 2023ൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിന് അന്നത്തെ ബിജെപി സംസ്ഥാന സർക്കാർ പൊട്ടിച്ചത് 33 കോടി രൂപ. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി കർണാടകയിലെത്തിയപ്പോഴാണ് ഇത്രയും തുക ചിലവായത്. ആക്ടിവിസ്റ്റ് ആയ മഞ്ജുനാഥ് ഹിരെചൗത്തിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപാണ് മോദി കർണാടകത്തിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും റോഡ് ഷോയുമാണ് അന്ന് നടന്നത്. ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനത്തിന് മാത്രം ചിലവായത് 18.81 കോടി രൂപയാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മോദിയുടെ പരിപാടിയിലേക്കെത്തിക്കാൻ മാത്രം 4.11 കോടി രൂപയായി. 1800 ബസുകളിലായാണ് വേദിയിലേക്ക് ആളുകളെ എത്തിച്ചത്. വാട്ടർ പ്രൂഫ് ജർമൻ പന്തൽ, പ്രധാന വേദി, ഗ്രീൻ റൂം, പ്രെസെന്റേഷൻ സ്റ്റോളുകൾ, അലങ്കാരപ്പണികൾ എന്നിവയ്ക്കായി 1.8 കോടി രൂപയാണ് ചിലവായത്.

പരിപാടിക്ക് ശേഷം മോദി പ്രത്യേക വിമാനത്തിൽ ബെലഗാവിക്ക് പോയി. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ നടക്കുന്നയിടത്തേക്ക് ഹെലികോപ്റ്ററിലാണ് മോദി യാത്ര ചെയ്തത്. യാത്ര ചെലവുകളുടെ രേഖകൾ ലഭ്യമായില്ലെങ്കിലും പൊതുമരാമത്ത് വകുപ്പിന് 14.35 കോടി രൂപ ചിലവാക്കാൻ അനുമതി ഉണ്ടായിരുന്നെന്നും രേഖയിൽ പറയുന്നുണ്ട്. ഇതിൽ രണ്ടര കോടി രൂപ ആളുകളെ കൊണ്ടുവരാൻ മാത്രം ഉള്ളതാണ്. മൂന്ന് വർഷം മുൻപാണ് മഞ്ജുനാഥ് ഹിരെചൗത്തി വിവരാവകാശ നിയമം പ്രകാരം രേഖകൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ വർഷം ജനുവരിയിലാണ് അദ്ദേഹത്തിന് രേഖകൾ ലഭ്യമായത്. പൊതുപണം ഇത്തരത്തിൽ ചിലവാക്കുന്നതും തെരഞ്ഞെടുപ്പിന് മുൻപായി മാത്രം വികസനപദ്ധതികൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നുമാണ് മഞ്ജുനാഥ് ഹിരെചൗത്തി പറയുന്നത്. ഇലക്ഷന് മുൻപേയുള്ള ഇത്തരം ധൂർത്തുകൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Exit mobile version