ബംഗളൂരു: കുടകിലെ തടിയൻഡമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതി കുടുങ്ങിയ സംഭവത്തിന് പിന്നാലെ വനമേഖലയിലെ യാത്രകള്‍ക്ക് കർശന നിയന്ത്രണങ്ങളുമായി കർണാടക വനംവകുപ്പ്.
സാഹസിക മലകയറ്റം സുരക്ഷിതമാക്കുന്നതിനായി പുതിയ ‘സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്സ്’ (SOP) വകുപ്പ് പുറത്തിറക്കി. വനപാതകളില്‍ ആളുകളെ കാണാതാകുന്നതും അപകടത്തില്‍പ്പെടുന്നതും ഒഴിവാക്കുകയാണ് ലക്ഷ്യം.
നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യ തടിയൻഡമോള്‍ വനത്തില്‍ മൂന്നു രാവും രണ്ടു പകലും കുടുങ്ങിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പിന്റെ അടിയന്തര നടപടി.
പുതിയ നിബന്ധനകള്‍ ഇങ്ങനെ:
ഗൈഡ് നിർബന്ധം: ഗൈഡില്ലാതെ ഇനി വനപാതകളില്‍ ട്രക്കിങ് അനുവദിക്കില്ല. ഒരാള്‍ മാത്രമാണെങ്കില്‍ പോലും ഗൈഡിന്റെ സേവനം തേടണം. ഇതോടെ വനമേഖലയിലെ ‘സോളോ ട്രക്കിങ്’ സംവിധാനം ഇല്ലാതാകും.
ഓണ്‍ലൈൻ രജിസ്ട്രേഷൻ: എല്ലാ യാത്രകള്‍ക്കും മുൻകൂർ ഓണ്‍ലൈൻ രജിസ്ട്രേഷനും ഔദ്യോഗിക പെർമിറ്റും നിർബന്ധമാണ്. 10 പേരടങ്ങുന്ന ഓരോ സംഘത്തിനും പരിശീലനം ലഭിച്ച ഓരോ ഗൈഡുമാർ വീതമുണ്ടാകും.
എണ്ണം പരിമിതപ്പെടുത്തി: തിരക്ക് നിയന്ത്രിക്കാൻ ഒരു ദിവസം പരമാവധി 150 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
മൊബൈല്‍ ട്രാക്കിങ്: ട്രക്കർമാർ മൊബൈല്‍ ഫോണില്‍ താല്‍ക്കാലിക ട്രാക്കിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യണം. അപകടമുണ്ടായാല്‍ അതിവേഗം ലൊക്കേഷൻ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.
ഗൈഡുമാർക്ക് ജിപിഎസ് സൗകര്യമുള്ള വോക്കി-ടോക്കികള്‍ നല്‍കും. ബേസ് ക്യാമ്പുമായി കൃത്യമായ ഇടവേളകളില്‍ ഇവർ ബന്ധപ്പെടണം. ദുർഘടമായ പ്രദേശങ്ങളില്‍ തെർമല്‍ ക്യാമറകളും ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കും.
അപകടസാധ്യതയുള്ള പാറക്കെട്ടുകളും ചരിവുകളും വനപാതകളില്‍ പ്രത്യേകം അടയാളപ്പെടുത്തും.
ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങള്‍, ആയുധങ്ങള്‍, പ്ലാസ്റ്റിക് എന്നിവ കാട്ടില്‍ കൊണ്ടുപോകാൻ അനുവദിക്കില്ല. ക്യാമ്പ് ഫയർ, ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി എന്നിവയ്ക്കും നിരോധനമുണ്ട്. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രവും വയോധികർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. യാത്രയ്ക്ക് മുൻപ് വന്യജീവികളെ നേരിടേണ്ട രീതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബേസ് ക്യാമ്പുകളില്‍ വച്ച് ബോധവല്‍ക്കരണം നല്‍കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
