Site icon Malayalam News Live

പോലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഈ മാസം 10ന്

കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഈ മാസം 10ന് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കും. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ 2024 നവംബർ 21ന് വൈകിട്ട് വീട്ടിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ രാജേഷ് (41) ആണ് കുറ്റക്കാരൻ. സംഭവത്തിന് മുൻപ് ദിവ്യശ്രീയും രാജേഷും അകന്നു കഴിയുകയായിരുന്നു. കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവ ദിവസം രാത്രി ശബരിമല ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നു.

ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസിൽ സംഭവ ദിവസം രാവിലെ ദിവ്യശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താൽപര്യമില്ലെന്നു പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ. വീടിന്റെ വരാന്തയിൽവച്ച് പെട്രോൾ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പ്രതി പല തവണ വെട്ടു‌കയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം വരെ പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോൾ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Exit mobile version