തൃശ്ശൂർ : കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ വിധി. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു. സുപ്രീം കോടതി വിധി കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മില്‍ തര്‍ക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
സര്‍ക്കാര്‍ ചിലവില്‍ നവകേരള സദസ് നടത്തി പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമം. നാട്ടുകാരുടെ ചിലവില്‍ അപമാനിക്കാനാണ് ശ്രമം. താൻ തോന്നിയപോലെ ചെയ്യുന്നയാളല്ല. സിപിഎമ്മിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു. യുഡിഎഫില്‍ ചര്‍ച്ചചെയ്താണ് താൻ നിലപാട് പ്രഖ്യാപിക്കുന്നത്. തോന്നിയതുപോലെ നിലപാട് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് തന്നെക്കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി സതീശൻ പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്കരണത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളോടായിരുന്നു സതീശന്റെ മറുപടി.
പിണറായിയെ പേടിച്ചിട്ടാരും ചോദ്യം ചെയ്യാറില്ല. എന്നെയാര്‍ക്കും പേടിയില്ല. എന്നെ ഇവിടെ ചോദ്യം ചെയ്യും. കേള്‍ക്കൂ. മുഖ്യമന്ത്രിക്ക് കുറെ നാളായി ഈ അസുഖം തുടങ്ങിയിട്ട്. മുൻപ് വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് തുടങ്ങിയതാണ്. കാണുന്ന എല്ലാവരുടെയും മാനസിക നില പ്രശ്നമാണെന്ന് തോന്നുന്നത് തന്നെ ഒരു അസുഖമാണ്. ഉടൻ മുഖ്യമന്ത്രി അതിന് ചികിത്സ തേടണം. കൊല്ലത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചിരിക്കുകയാണ്. ലോകം മുഴുവൻ നോക്കിയിരുന്ന കുട്ടിയെ ആശ്രാമം മൈതാനത്തിരുത്തി പ്രതി പോയി. ദയനീയമാണ് പൊലീസ് സ്ഥിതിയെന്നും സതീശൻ പ്രതികരിച്ചു.
