Site icon Malayalam News Live

സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു; ഇറങ്ങിയോടിയ ബസ് ഡ്രൈവര്‍ക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം

കണ്ണൂര്‍: കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച സംഭവത്തിന് പിന്നാലെ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

പെട്ടിപ്പാലത്തുവെച്ച്‌ ബസ് കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.

തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിന്‍ ഇടിച്ചത്. അപകടത്തെതുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്‍റെ അടിയിലേക്കാണ് വീണതെന്നും ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് മാറ്റിയ കാല്‍നടയാത്രക്കാരന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Exit mobile version