കൊച്ചി: കേരളത്തില്‍ ഹെറോയിൻ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം സ്വദേശി പിടിയില്‍. മയക്കുമരുന്ന് കച്ചവടക്കാർക്കിടയില്‍ ദാദാ എന്നറിയപ്പെട്ടിരുന്ന 38കാരനായ ഷെഫീഖുള്‍ ഇസ്ലമാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.
ലക്ഷങ്ങള്‍ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നേരത്തെ അങ്കമാലിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ തുടരന്വേഷണത്തിലാണ് ഷെഫീഖുള്‍ ഇസ്ലം പിടിയിലായത്.
പത്തുവർഷം മുൻപ് കേരളത്തിലെത്തിയ ഇസ്ലം പല പ്ലൈവുഡ് കമ്പനികളിലും ജോലി ചെയ്‌തിട്ടുണ്ട്. പിന്നീട് ആക്രിക്കച്ചവടവും തുടങ്ങി. ഇതിനിടയില്‍ മയക്കുമരുന്ന് കച്ചവടം ആരംഭിച്ച ഇസ്ലം ആഡംബരജീവിതമാണ് നയിക്കുന്നതെന്ന് പൊലീസ് പറയുന്നു. അസമില്‍നിന്ന് കൊച്ചിയിലേക്ക് വിമാനത്തിലായിരുന്നു ഇസ്ലമിന്റെ യാത്രകള്‍.
പെരുമ്പാവൂർ കേന്ദ്രമാക്കിയാണ് ഇയാള്‍ പ്രധാനമായും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. 30000 രൂപയ്‌ക്ക് അസമില്‍നിന്ന് എത്തിക്കുന്ന ഒരു ബോക്‌സ് ഹെറോയിൻ ഇവിടെ വില്‍ക്കുമ്പോള്‍ ഒരു ലക്ഷം വിലയിട്ടാണ് വിറ്റിരുന്നത്. കൂടാതെ ഇവ ചെറിയ ബോട്ടിലുകളിലാക്കി ചില്ലറ വില്‍പനയും നടത്തിയിരുന്നു. ഒരു ബോട്ടിലിന് ആയിരം രൂപയെന്ന നിരക്കിലായിരുന്നു വില്‍പന.
ജില്ലയുടെ വിവിധഭാഗങ്ങളിലായി വാടകയ്‌ക്കെടുത്ത വീടുകളിലാണ് ഇയാള്‍ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പൊലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഇടങ്ങളിലാണ് ഇസ്ലം വീടുകള്‍ തിരഞ്ഞെടുത്തിരുന്നത്. പെരുമ്പാവൂർ പോഞ്ഞാശേരി ഭാഗത്ത് ഇയാള്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍നിന്ന് മയക്കുമരുന്ന് നിറയ്‌ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടിലുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇസ്ലമിന്റെ ബാങ്ക് അക്കൗണ്ടില്‍ നടന്നിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
