Site icon Malayalam News Live

കാറിലും ലോറിയുമായി കഞ്ചാവ് കടത്ത്; പിടിച്ചെടുത്തത് 210 കിലോ കഞ്ചാവ്; പ്രതികളായ അഞ്ചുപേർക്ക് 10 വർഷവും മൂന്നുമാസവും കഠിനതടവ് ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍: തമിഴ്‌നാട്ടില്‍നിന്നും കാറിലും ലോറിയിലുമായി കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്ക് പത്തുവര്‍ഷവും മൂന്നുമാസവും കഠിന തടവ് വിധിച്ച് കോടതി. 1,05,000 രൂപ പിഴ അടയ്ക്കാനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.വി. രജനീഷ്  ഉത്തരവിട്ടു.

അരണാട്ടുകര ലാലൂര്‍ ആലപ്പാട്ട് പൊന്തേക്കന്‍ ജോസ് (43), വില്‍വട്ടം മണ്ണുത്തി വലിയവീട്ടില്‍ സുധീഷ് (45), പഴയന്നൂര്‍ വടക്കേത്തറ നന്നാട്ടുകളം മനീഷ് (26), മുളംകുന്നത്തുകാവ് കരുവാന്‍കാട് തേമണല്‍ രാജീവ് (45), തമിഴ്‌നാട് തേനി ഉത്തമപാളം സ്വദേശി സുരേഷ് (38) എന്നിവരെയാണ് ശിക്ഷിച്ചത്.

പിഴയടക്കാത്തപക്ഷം നാലു മാസം കൂടി കഠിനതടവ് അനുഭവിക്കണം. കഞ്ചാവ് കടത്തിയ ലോറിയും കാറും നിയമപ്രകാരം കണ്ടുകെട്ടണമെന്നും ഉത്തരവ് നല്‍കി.

2021 ജൂലൈ 24ന് രാവിലെ 6.30നാണ് കേസിനാസ്പദമായ സംഭവം. രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍ ഇ.എ. ഷാജുവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 210 കിലോ വരുന്ന കഞ്ചാവ് ലോറിയുടെ പ്ലാറ്റ് ഫോമില്‍ 15 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്നത് പൊലീസ് പിടിച്ചെടുത്തു.

തുടര്‍ന്ന് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനോജ് ഗോപിയാണ് കേസ് ഏകോപിപ്പിച്ചത്.

വിശാഖപട്ടണത്തു നിന്ന് കോഴിത്തീറ്റ കൊണ്ടുവരുന്ന ജോലി ചെയ്തിരുന്ന പ്രതി ജോസ്, തമിഴ്നാട്ടില്‍നിന്നുള്ള മഹേഷ് എന്നയാളെ പരിചയപ്പെട്ടതോടെ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപ പ്രതിഫലം മഹേഷ് വാഗ്ദാനം ചെയ്തതിരുന്നു. തുടര്‍ന്നാണ് കഞ്ചാവ് കടത്തുന്നതില്‍ ജോസും കൂട്ടുപ്രതികളും ഉള്‍പ്പെട്ടത്.

വാഹനത്തിന്റെ എഞ്ചിന്‍ കേടായതിനെത്തുടര്‍ന്ന് സ്‌ക്രാപ്പ് കടയില്‍ നിന്നും വാങ്ങിയ പഴയ എഞ്ചിന്‍ അനധികൃതമായി ഫിറ്റ് ചെയ്താണ് ലോറി ഓടിച്ചിരുന്നത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി  അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോളി ജോസഫ്, സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ. ഗിരീഷ് മോഹന്‍ എന്നിവര്‍ ഹാജരായി.

Exit mobile version