Site icon Malayalam News Live

കാഞ്ഞാര്‍-വാഗമണ്‍ റൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക്; നാലു പേരുടെ നില ഗുരുതരം

ഇടുക്കി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്ബോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.

സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്.

കാഞ്ഞാര്‍-വാഗമണ്‍ റൂട്ടില്‍ പുത്തേടിന് സമീപം ഇന്നു രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ‘

പരിക്കേറ്റ പതിനഞ്ചോളം പേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളുരുവില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു കുട്ടികളടക്കം 21 അയ്യപ്പ ഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ശബരിമല ദര്‍ശനത്തിനു ശേഷം പുല്ലുമേടിലെത്തി മകരവിളക്ക് കണ്ട് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേയ്ക്ക് മറിയാതെ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കാഞ്ഞാര്‍ പൊലീസും മൂലമറ്റം, തൊടുപുഴ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണെങ്കിലും കാഞ്ഞാര്‍-പുള്ളിക്കാനം റൂട്ടില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും നാട്ടുകാർ പറയുന്നു.

Exit mobile version