Site icon Malayalam News Live

കാന്തല്ലൂരില്‍ സ്വകാര്യ ഭൂമിയില്‍ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റ്; സോളാർ വേലിയിലേക്ക് അമിത വൈദ്യുതി നല്‍കിയെന്ന് സംശയം; സ്ഥലം ഉടമ ഒളിവിലെന്ന് വനം വകുപ്പ്

ഇടുക്കി: കാന്തല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കാട്ടാന ചരിഞ്ഞത് ഷോക്കേറ്റാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. സോളാർ വേലിയിലേക്ക് അമിത വൈദ്യുതി നല്‍കിയെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്.

പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭൂമിയിലാണ് പ്രദേശവാസികള്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. സമീപവാസികള്‍ വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു.

സ്ഥലം ഉടമ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ആനയല്ല ഇതെന്നാണ് വനം വകുപ്പിന്റെ നിഗമനം.

അതേസമയം, കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ ആക്രമിക്കുകയും ചെയ്ത മോഴയാനയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇടക്കടവ് പുതുവെട്ട് ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രോഗബാധയെ തുടർന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

Exit mobile version