തട്ടിക്കൂട്ട് സ്റ്റേഡിയം ഒരുക്കിയത് പരിപാടിയുടെ തലേന്ന് രാത്രി; സ്റ്റേഡിയത്തിനുള്ളില്‍ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവാനും ആംബുലൻസും മാത്രം; സുരക്ഷാ വീഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് പരിപാടിയില്‍ വരുത്തിയ സുരക്ഷാ വീഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രിയാണ് തട്ടിക്കൂട്ട് സ്റ്റേഡിയം നിർമിച്ചത്. പരിപാടിക്ക് അനുമതി തേടി സംഘാടകർ തലേ ദിവസമാണ് കൊച്ചി കോർപറേഷനെ സമീപിച്ചത്.

ഹെല്‍ത്ത് ഓഫീസർ പരിപാടിയുടെ തലേന്ന് സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. പരിശോധന നടക്കുന്ന വേളയില്‍ ഗ്യാലറിയില്‍ സ്റ്റേജ് നിർമിച്ചിരുന്നില്ല. സ്റ്റേഡിയത്തിനുള്ളില്‍ ആദ്യം ഒരു കാരവാനും ആംബുലൻസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എട്ട് കൗണ്ടറുകള്‍ വഴിയാണ് 12,000 നർത്തകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. രണ്ട് മണിക്കൂറോളം കാത്തിരുന്നാണ് കുട്ടികള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. സംഘാടകത്തിലെ പിഴവ് തങ്ങളെ ഭയപ്പെടുത്തിയിരുന്നെന്ന് പരിപാടിയില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ അമ്മ പ്രതികരിച്ചു.

പല കുട്ടികള്‍ക്കും തലചുറ്റലുണ്ടായെന്നും അവർ വ്യക്തമാക്കി.
മെഗാനൃത്തം സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിംഗ് ഡയറക്ടർ എം. നിഘോഷ് കുമാറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേസിലെ ഒന്നാം പ്രതിയായ നിഘോഷ് കുമാർ ഇന്നല ഉച്ചയ്ക്ക് രണ്ടിന് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്.