Site icon Malayalam News Live

കള്ള് ഷാപ്പിൽ വച്ച് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖകൻ

 

തൃക്കൊടിത്താനം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പാടത്തുംകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന കൊച്ചുമോൻ (37) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇയാളും സുഹൃത്തുക്കളും ചേർന്ന് പതിനേഴാം തീയതി വൈകിട്ട് 4.30 മണിയോടുകൂടി തൃക്കൊടിത്താനം സ്വദേശിയായ മധ്യവയസ്കനെ കോട്ടമുറി ഭാഗത്തുള്ള കള്ള് ഷാപ്പിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇവർക്ക് മധ്യവയസ്കനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം കോട്ടമുറി ഭാഗത്തുള്ള കള്ള്ഷാപ്പിൽ വച്ച് ഇവര്‍ മധ്യവയസ്കനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും, ഇരുമ്പ് പൈപ്പ് കൊണ്ടും, ക്രിക്കറ്റ് ബാറ്റ് കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

 

തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ കൊച്ചുമോനെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്. എച്ച്.ഓ അനൂപ് ജി, എസ്.ഐ അഖിൽദേവ്, സി.പി.ഓ മാരായ അരുൺ, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ തൃക്കൊടിത്താനം സ്റ്റേഷനിൽ മറ്റൊരു ക്രിമിനൽ കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.


 

Exit mobile version