ടാറ്റൂ ഷെഡ്ഡിൽ എംഡിഎംഎ വിൽപ്പന; ഷെഡ് വളഞ്ഞ് 3 പേരെ പിടികൂടി പോലീസ്; ഇവരിൽനിന്ന് .54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

കല്‍പ്പറ്റ: മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ടാറ്റു ഷെഡില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പൊലീസ് പിടികൂടി.

മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച മീനങ്ങാടി പുഴംകുനി സ്വദേശി ജിത്തു പി സുകുമാരന്‍ (29), വാങ്ങാനെത്തിയ  പുറക്കാടി സ്വദേശി എ കെ ശ്രീജിത്ത് (34), പള്ളിക്കുന്ന് സ്വദേശി ഡി എസ് ശ്രീജിത്ത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 0.54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ജനുവരി പതിനൊന്നാം തിയ്യതി രാത്രി 10 മണിയോടെയായിരുന്നു സംഭവം. ടാറ്റു ഷെഡില്‍ ലഹരി വില്പനയുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.

പരിസരം വളഞ്ഞ് നിരീക്ഷിച്ച ശേഷം ലഹരി വില്‍പ്പനയാണെന്ന് ഉറപ്പാക്കി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മീനങ്ങാടി എസ് ഐ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

മറ്റൊരു കേസില്‍ എംഡിഎംഎയുമായി 31 കാരനെയും പിടികൂടിയിട്ടുണ്ട്. പുറക്കാടി സ്വദേശി എ എം ജിതിന്‍ എന്നയാളെയാണ് മീനങ്ങാടി എസ് ഐ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

പതിനൊന്നാം തിയ്യതി ഉച്ചയോടെ മീനങ്ങാടി ടൗണില്‍ നിന്നാണ് .33 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിനോയ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.