Site icon Malayalam News Live

മമ്മൂട്ടിയുടെ കളങ്കാവൽ ഒടിടിയിൽ; ജനുവരി 16 മുതൽ സ്ട്രീമിങ് ആരംഭിക്കും

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന നേട്ടവുമായി ചിത്രം കുതിപ്പ് തുടരുകയാണ്. ആഗോള കളക്ഷൻ 83 കോടിയാണ് ചിത്രം പിന്നിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റീലീസ് തീയതി പങ്കിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോണി ലീവിലൂടെ ചിത്രം ജനുവരി 16ന് പ്രേകഷകർക്ക് മുന്നിലെത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ സ്ട്രീം ചെയ്യും.

ഡിസംബർ 5ന് ആഗോള റിലീസായി എത്തിയ ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും കളങ്കാവൽ സ്വന്തമാക്കിയിരുന്നു. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നിവക്ക് ശേഷം 50 കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിക്കുന്ന ചിത്രത്തിൽ, പ്രതിനായകനായി അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചത്. ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അമ്പരപ്പിച്ച ചിത്രം കൂടിയായി കളങ്കാവൽ മാറി. മമ്മൂട്ടിയെ കൂടാതെ, ചിത്രത്തിൽ പോലീസ് ഓഫീസർ ആയ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

Exit mobile version