Site icon Malayalam News Live

ഇരുപത്തിമൂന്ന് വര്‍ഷം തികയുമ്പോഴും ജനങ്ങളെ വിഡ്ഢികളാക്കി ഇന്ത്യൻ റെയിൽവേ, കടലുണ്ടി ദുരന്തത്തിന്റെ കാരണം വെളിപ്പെടുത്താതെ അധികൃതർ, അപകടം ഇപ്പോഴും തുടർക്കഥയാകുന്നു, നടപടി സ്വീകരിക്കാതെ റെയില്‍വേ മന്ത്രാലയവും ഭരണകര്‍ത്താക്കളും

കടലുണ്ടി: കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് ഇന്ന് ഇരുപത്തിമൂന്ന് വര്‍ഷം തികയുന്നു. 2001 ജൂണ്‍ 22 വെള്ളിയാഴ്ചയാണ് 52 പേരുടെ ജീവന്‍ അപഹരിക്കുകയും 400 ല്‍പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കടലുണ്ടി ട്രെയിന്‍ ദുരന്തമുണ്ടായത്.

വൈകീട്ട് 5. 25 ന് കടലുണ്ടി റെയില്‍പാലത്തിലൂടെ കടന്നു പോയ മംഗലാപുരം- ചെന്നൈ മെയില്‍ കടലുണ്ടി പുഴയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പൂഴിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തോണികളിലും ചെറുവള്ളങ്ങളിലുമായി നൂറ് കണക്കിനാളുകളാണ് ട്രെയിനിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

ലോകത്തിന് തന്നെ മാതൃകയാവുന്ന നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനം ഏറെ പ്രശംസകളേറ്റു വാങ്ങിയതാണ്. അപകടത്തില്‍ മുഴുവന്‍ സമയവും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ച സംഘത്തിലെ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഉദയന്‍ കാര്‍ക്കോളിക്ക് അന്നത്തെ ദിവസം മറക്കാന്‍ കഴിയില്ല.

ഓരോ ദുരന്തങ്ങളും വലിയ താക്കീതുകളാണ്. ഇരുപത്തിമൂന്ന് വര്‍ഷമായിട്ടും ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ റെയില്‍വേ മന്ത്രാലയത്തിനോ ഭരണകര്‍ത്താക്കള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് ഉദയന്‍ പറഞ്ഞു.

അപകടങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാത്ത റെയില്‍വേ അധികൃതര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ആളുകളുടെ ജീവന്‍ പൊലിയുന്നത് പതിവാകുകയുമാണ്.

യഥാര്‍ത്ഥകാരണം ട്രെയിനിനുണ്ടായ തകരാറാണോ അതോ പാലത്തിന്റെ ബലക്ഷയമാണോ എന്നത് ഇന്നും വെള്ളത്തില്‍ വരച്ച വരപോലെയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭാരണാധികാരികളുടെ നിസ്സംഗതയില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

ദുരന്തത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു സ്ഥിരം സ്മാരകം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും റയില്‍വേ അധികൃതര്‍ തള്ളി. കടലുണ്ടിയിലെ ടൂറിസം സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്ത് സ്ഥിരം സ്മാരകം നിര്‍മ്മിക്കുന്നതിന് കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് തീവണ്ടി ദുരന്ത അനുസ്മരണ സമിതിയെന്നും ഉദയന്‍ കാര്‍ക്കോളി പറഞ്ഞു.

Exit mobile version