Site icon Malayalam News Live

ഇന്ന് ബ്രേക്ക്ഫാസ്റ്റിന് പുട്ട് ആണോ? എങ്കിൽ പുട്ടിനൊപ്പം കഴിക്കാൻ കിടിലൻ കടല കറി തയ്യാറാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

കോട്ടയം : പുട്ടിനും അപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു കടല കറി തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

കറുത്ത കടല (കുതിര്‍ത്തത്) – 1 കപ്പ്
വെള്ളം – 3 കപ്പ്
ഉപ്പ് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്) – 12 അല്ലി
ഇഞ്ചി (അരിഞ്ഞത്) – 1/2 ഇഞ്ച്
സവാള (അരിഞ്ഞത്) – 2 മീഡിയം
കറിവേപ്പില ആവശ്യത്തിന്
പച്ചമുളക് (കീറിയത്) – 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
പെരും ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
വെള്ളം – 1/4 കപ്പ്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ചുവന്നുള്ളി (അരിഞ്ഞത്) – 8 എണ്ണം
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടല നന്നായി കഴുകിയ ശേഷം 3 കപ്പ് വെള്ളമൊഴിച്ച്‌ 8 മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. 8 മണിക്കൂറിനു ശേഷം വെള്ളം കളഞ്ഞ് കടല വീണ്ടും നന്നായി കഴുകിയെടുക്കുക. ഒരു പ്രഷര്‍ കുക്കറിലേക്കു കടല, വെള്ളം, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു കുക്കര്‍ അടയ്ക്കാം. ആദ്യത്തെ വിസില്‍ വരെ ചെറുതീയില്‍ വയ്ക്കാം, ശേഷം 7 – 8 വിസില്‍ വരെ തീ കൂട്ടി വേവിച്ച്‌ തീ ഓഫ് ചെയ്യാം. കുക്കറിനകത്തെ പ്രഷര്‍ മൊത്തം പോയശേഷം തുറക്കാം.

ഒരു ഫ്രൈയിങ് പാന്‍ മീഡിയം തീയില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കാം. ഇതിലേക്കു വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തു 1 മിനിറ്റ് നന്നായി ഇളക്കാം, ശേഷം സവാള, കറിവേപ്പില, പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തു സവാള ലൈറ്റ് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കാം.

മസാല തയാറാക്കാനായി ഒരു ബൗളിലേക്കു കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാല, വെള്ളം എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക. ഇത് സവാള വഴറ്റിയതിലേക്കു ചേര്‍ത്ത് മസാലയുടെ പച്ചമണം മാറി എണ്ണ തെളിയുന്നതുവരെ വഴറ്റിയെടുക്കുക, ശേഷം വേവിച്ച കടലയും കുറച്ച്‌ വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക. ഇനി ഫ്രൈയിങ് പാന്‍ അടച്ചുവച്ച്‌ മീഡിയം തീയില്‍ 5 മിനിറ്റ് വേവിച്ച്‌ തീ ഓഫ് ചെയ്യാം.

താളിക്കാനായി ഒരു ചെറിയ ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച്‌, എണ്ണ നന്നായി ചൂടായ ശേഷം കടുക്ക് ഇട്ട് പൊട്ടിക്കുക, ശേഷം ചുവന്നുള്ളി, വറ്റല്‍ മുളക്, കുറച്ച്‌ കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ചെറിയ ബ്രൗണ്‍ നിറമാകുമ്ബോള്‍ കറിയിലേക്കു ചേര്‍ത്ത് ഇളക്കാം. സ്വാദിഷ്ടമായ കടലക്കറി തയ്യാർ

Exit mobile version