ചെന്നൈ : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിയമപരമായി പരിഹാരം കാണണം. നീറ്റിൽ കൃത്യമായ നിലപാട് ടിവികെ എടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്നും സി ജോസഫ് വിജയ് എക്സിൽ കുറിച്ചു.
ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട ടിവികെ പാർട്ടി, പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുന്നത് വരെ താൽക്കാലിക നടപടിയായി സ്പെഷ്യൽ കണ്‍കറന്‍റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിർദേശവും ടിവികെ മുന്നോട്ടുവയ്ക്കുന്നു.
