Site icon Malayalam News Live

‘പിണറായി വിജയൻ ഇമ്മാതിരി ഓല പാമ്പില്‍ പേടിക്കില്ല’; ഇഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടലെന്ന് ജോണ്‍ ബ്രിട്ടാസ്

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. തിരഞ്ഞെടുപ്പ് ഒത്തുകളിയുടെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് റെയ്ഡ്.

സിഎംആർഎല്‍ സ്ഥാപനം ലക്ഷ കണക്കിന് രൂപ നല്‍കിയ രണ്ടു നേതാക്കള്‍ മന്ത്രി സഭയില്‍ അംഗമാണ്. സിഎംആർഎല്‍ ചെയ്യാത്ത സേവനത്തിന് പണം നല്‍കിയതില്‍ രണ്ട് പേർ വിഡി സതീശൻ സർക്കാർ മന്ത്രിമാരാണ്. അവരെക്കുറിച്ച്‌ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

 

എത്ര ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്. എഫ്ബിഐയെയും മൊസാദിനെയും കൂടിയേ രംഗത്ത് ഇറക്കാൻ ഉള്ളൂവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പിണറായി വിജയന്റെ മൊഴി എടുക്കുന്നെങ്കില്‍ എടുക്കട്ടേ. ഏതു രേഖകള്‍ വേണമെങ്കിലും ആവശ്യപ്പെടട്ടെ. അരവിന്ദ് കെജ്‌രിവാളിന്റെ കേസ് ഡല്‍ഹി കോടതി ചവറ്റു കൊട്ടയില്‍ വലിച്ചെറിഞ്ഞതാണ്. രാജ്യത്തു ഇഡി കേസുകളില്‍ എത്ര മാത്രം വിശ്വാസ്യത ഉണ്ടെന്നു നമുക്ക് അറിയാവുന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഇഡി വേട്ടയാടലിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പിണറായി വിജയൻ ഇമ്മാതിരി ഓല പാമ്പില്‍ പേടിക്കില്ല. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും നേരിടാൻ തങ്ങള്‍ക്ക് അറിയാം. കെജ്‌രിവാളിനെതിരെ ഉപയോഗിച്ച അതേ തന്ത്രം. പിണറായിക്ക് എതിരെയും ഉപയോഗിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Exit mobile version