കോട്ടയം: ഇന്ത്യൻ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
9970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർആർബിയില്‍ 148 ഒഴിവുണ്ട്. ഐടിഐ/എൻജിനിയറിങ് ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിദ്യാഭ്യാസ യോഗ്യത: എസ്‌എസ്‌എല്‍സിയും ഫിറ്റർ/ഇലക്‌ട്രീഷ്യൻ/ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മില്‍റൈറ്റ്/മെയിന്റനൻസ് മെക്കാനിക്ക്/മെക്കാനിക്ക് (റേഡിയോ/ടിവി)/ഇലക്‌ട്രോണിക്സ് മെക്കാനിക്ക്/മെക്കാനിക്ക് (മോട്ടോർ വെഹിക്കിള്‍)/വയർമാൻ/ട്രാക്ടർ മെക്കാനിക്ക്/അർമേച്ചർ ആൻഡ് കോയില്‍ വൈൻഡർ/മെക്കാനിക്ക് (ഡീസല്‍)/ഹീറ്റ് എൻജിൻ/ടർണർ/മെഷിനിസ്റ്റ്/റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്ക് ട്രേഡുകളില്‍ ഐടിഐയും (എൻസിവിടി/എസ്സിവിടി)
അല്ലെങ്കില്‍ എസ്‌എസ്‌എല്‍സിയും മേല്‍പ്പറഞ്ഞ ട്രേഡുകളില്‍ അപ്രന്റിസ്ഷിപ്പും പൂർത്തിയാക്കിയിരിക്കണം.
അല്ലെങ്കില്‍ എസ്‌എസ്‌എല്‍സിയും മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/ഓട്ടോമൊബൈല്‍ എൻജിനിയറിങ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനായുള്ള വിഷയങ്ങളിലോ നേടിയ ത്രിവത്സര ഡിപ്ലോമ. ഡിപ്ലോമയ്ക്കുപകരം ഇതേ വിഷയങ്ങളില്‍ എൻജിനിയറിങ് ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
പ്രായം: 18-30 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷ: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 20 റെയില്‍വേറിക്രൂട്ട്മെന്റ് ബോർഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർഥിക്ക് ഏതെങ്കിലുമൊരു ആർആർബിയിലേക്ക് മേയ് 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും ആർആർബികളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
