Site icon Malayalam News Live

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലി നേടാം; യുവതീയുവാക്കളെ പരിശീലിപ്പിച്ച്‌ തൊഴില്‍ നല്‍കുന്നു; മിനിമം യോഗ്യത പത്താം ക്ലാസ്സ്; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: നിർമ്മാണമേഖലയില്‍ യുവതീയുവാക്കളെ പരിശീലിപ്പിച്ച്‌ തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി ഊരാളുങ്കല്‍ സൊസൈറ്റി.

കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴില്‍മേഖലകളിലേക്കാണ് പരിശീലനം നല്‍കി നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാപരിശീലനമാണ് നല്‍കുന്നത്. ശേഷം ജോലിയില്‍ പ്രവേശിക്കാം.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കല്‍ സൊസൈറ്റി പ്ലേസ്മെന്റ് ഉറപ്പു നല്‍കുന്നു. പത്താംതരമോ പ്ലസ് ടുവോ ജയിച്ചവർക്ക് അപേക്ഷിക്കാം. നിർമ്മാണപ്രവൃത്തിയില്‍ പരിചയമുള്ളവർക്കു മുൻഗണന. ശാരീരികക്ഷമതയും മാനദണ്ഡമാണ്. പ്രായം 18 – 25 വയസ്. മേയ് 24-നകം https://forms.gle/bMto9aiAtmWLno5d9 എന്ന ലിങ്ക് വഴി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 8301001755 എന്ന നമ്പരില്‍ വിളിക്കാം.

തെരഞ്ഞെടുക്കുന്നവർക്ക് സൊസൈറ്റിയുടെ ചുമതലയില്‍ കൊല്ലം ചവറയില്‍ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷനി(IIIC)ലാണു പരിശീലനം. കേരള അക്കാദമി ഫോർ സ്കില്‍ എക്സലൻസി(KASE)ന്റെയും രാജ്യത്തെ മറ്റു പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണു പരിശീലനം.

തിയറിയും പ്രാക്റ്റിക്കലും ഉള്‍പ്പെടുന്ന ആറുമാസത്തെ നൈപുണ്യപരിശീലനം ക്ലാസുമുറികളിലും അത്യാധുനിക ലാബിലും ഊരാളുങ്കല്‍ സൊസൈറ്റിയുടെ വർക് സൈറ്റുകളിലുമായാണ് നടക്കുക. ബാക്കി ആറുമാസം പൂർണ്ണമായും വർക് സൈറ്റുകളിലെ അപ്രന്റീസ്ഷിപ്പുമാണ്. പരിശീലനത്തിനിടയിലും അവസാനവും പ്രായോഗിപരിജ്ഞാനം പരിശോധിക്കാൻ ടെസ്റ്റുകള്‍ ഉണ്ടാകും.

ബില്‍ഡിങ്, റോഡ് ടെക്നോളജികളില്‍ ഐഐഐസിയില്‍ നടക്കുന്ന തിയറി ക്ലാസുകള്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെ പരിചയസമ്പന്നരായ എൻജിനീയർമാരും ഐഐഐസിയിലെ നിർമ്മാണവ്യവസായവിദഗ്ദ്ധരും നയിക്കും. ബാർ ബെൻഡിങ്, സ്റ്റേജിങ്, സ്കഫോള്‍ഡിങ്, ഷട്ടറിങ്, കോണ്‍ക്രീറ്റ്, റോഡ് ജോലികള്‍ തുടങ്ങി നിർമ്മാണവുമായിബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. പദ്ധതിയില്‍ ഐഐഐസിയിലെ അദ്ധ്യാപകരും ഊരാളുങ്കല്‍ സൊസൈറ്റിയിലെ ലീഡർമാരും എൻജിനീയർമാരും ആണു പരിശീലനം നല്‍കുന്നത്. കേരളത്തില്‍ സ്ഥിരതാമസമാക്കിയ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം

Exit mobile version