Site icon Malayalam News Live

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങി; പിന്നീട് അന്വേഷിച്ചപ്പോൾ മറുപടിയില്ല; പരാതിയുമായി ഉദ്യോഗാര്‍ഥികള്‍

തൃശ്ശൂർ: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയുമായി ഉദ്യോഗാർഥികള്‍.

ഇരുന്നൂറോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വാടാനപ്പിള്ളിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെയാണ് ഉദ്യോഗാർത്ഥികളുടെ പരാതി.

വിദേശ ജോലിയെന്ന സ്വപ്നവുമായി തൃശ്ശൂരിലെ ഇക്ര ഗുരു എന്ന സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ നല്‍കിയ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. മുസാമില്‍ പി.എ എന്നയാളാണ് സ്ഥാപനത്തിന്‍റെ ഉടമ. ആദ്യ ഘട്ടത്തില്‍ രണ്ട് ലക്ഷം രൂപയാണ് പലരും നല്‍കിയത്. പിന്നീട് യാതൊരു മറുപടിയും ഇല്ലാത്തതിനാല്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ചതി പറ്റിയെന്ന് പലർക്കും മനസ്സിലായത്.

ഇന്ത്യയില്‍ സ്ഥാപനത്തിന് ലൈസൻസോ പെർമിറ്റോ ഇല്ല. യു.എ.ഇയില്‍ ലൈസെൻസുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം നല്‍കാത്തതിനെ തുടർന്ന് ജീവനക്കാരാണ് തൃശ്ശൂരിലെ സ്ഥാപനം അടപ്പിച്ചത്.

വാടാനപ്പളളി പൊലീസ് സ്റ്റേഷനിലും റൂറല്‍ എസ്.പിക്കും തട്ടിപ്പിനിരയായവർ പരാതി നല്‍കിയിട്ടുണ്ട്. മുസാമിനെതിരെ തൃശ്ശൂർ പോലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ നിലവിലുണ്ട്.

Exit mobile version