Site icon Malayalam News Live

ജിഷ വധക്കേസ്; വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

തൃശൂർ: പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.

തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതി അമീറുൽ ഇസ്ലാം നൽകിയ ഹർജി പരിഗണിച്ച ഘട്ടത്തിൽ ആണ് മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോർട്ടും സ്വഭാവ സർട്ടിഫിക്കറ്റും സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു ജിഷ.

ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലായത്. കേസില്‍ ഏക പ്രതിയായിരുന്ന അമീറുൽ ഇസ്ലാം നടത്തിയ കുറ്റകൃത്യം അതിഭീകരവും അത്യപൂർവ്വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

Exit mobile version