Site icon Malayalam News Live

ജയറാം ഇഡിയുടെ ചോദ്യമുനയിലേക്ക്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായേക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ച സാഹചര്യത്തിലാണ് നടൻ ചോദ്യം ചെയ്യലിനായി ഹാജരാകുക. കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. നേരത്തെ എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ജയശ്രീയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജയശ്രീ നല്‍കിയ മൊഴി ദേവസ്വം ബോര്‍ഡിനെ കുരുക്കുന്നതാണ്. സ്വന്തം നിലയില്‍ താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ജയശ്രീക്ക് മുന്നില്‍ ഇഡി മൊഴി നല്‍കിയത്. സ്വര്‍ണക്കൊള്ളയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ ഇല്ലെന്നും ജയശ്രീ മൊഴി നല്‍കിയെങ്കിലും ഇഡി വിശ്വാസത്തിലെടുത്തിട്ടില്ല. ഒമ്പത് മണിക്കൂറോളമാണ് ഇഡി ജയശ്രീയെ ചോദ്യം ചെയ്തത്.

Exit mobile version