എറണാകുളം: നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ ജോണ്‍സണ്‍ വിടവാങ്ങി. മസ്തിഷ്ക മരണം സംഭവിച്ച എടവനക്കാട് സ്വദേശി ജാസ്ലിയയുടെ അവയവങ്ങളാണ് ദാനം ചെയ്തത്.
ജാസ്ലിയയുടെ കരള്‍ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലേക്കും നേത്രപടലങ്ങള്‍ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്. ശനിയാഴ്ച അങ്കമാലിയില്‍ നടന്ന അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ ജാസ്ലിയക്ക് ഇന്ന് പുലർച്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയായിരുന്ന ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.
ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചയാണ് ജാസ്ലിയയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്. നാളെ രാവിലെ 8 മണി മുതല്‍ മോണിംഗ് സ്റ്റാർ കോളേജില്‍ പൊതുദർശനം ഉണ്ടാകും.
