Site icon Malayalam News Live

ജനനായകന് അനുകൂലം, സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി; പിന്നാലെ അപ്പീലുമായി സെൻസർ ബോർഡ്

 

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ കുറച്ചു നാളുകളായി സെൻസർ ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പെട്ടുകിടക്കുകയാണ്. ഇപ്പോഴിതാ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പിടി ആശ വ്യക്തമാക്കി. കോടതി നടപടികൾ കേൾക്കാനായി നടൻ വിജയ്‌യും ഓൺലൈനിൽ ഹാജരായിരുന്നു. സിനിമയ്‌ക്കെതിരായി സെൻസർ ബോർഡ് എടുത്ത തീരുമാനത്തെ ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. ഇത്തരം പരാതികൾ ചട്ടവിരുദ്ധമാണെന്നും ഇതൊന്നും എന്റർടെയ്ൻ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് ചെയർമാൻ ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാൽ സെൻസർ ബോർഡ് ചെയർമാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയർമാൻ ഉപയോഗിച്ചതെന്ന വിമർശനവും ഹൈക്കോടതി ഉയർത്തിയിട്ടുണ്ട്.

ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് തടഞ്ഞ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തീരുമാനത്തിനെതിരെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജിയിൽ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയതാണ് റിലീസ് വൈകാൻ കാരണമായത്.

അതേസമയം ജനനായകന് മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയതിന് പിന്നാലെ അപ്പീലുമായി സെൻസർ ബോർഡ്. ജസ്റ്റിസ് പിടി ആശയുടെ വിധിക്ക് എതിരെയാണ് സെൻസർ ബോർഡ് അപ്പീൽ നൽകിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ സിബിഎഫ്സിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുകയായിരുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും CBFC ഉന്നയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.15 ന് ഈ ഹർജിയിൽ വാദം കേൾക്കുമെന്നാണ് വിവരം.

Exit mobile version