Site icon Malayalam News Live

ജനനായകൻ ചോർന്ന സംഭവം; ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് നിർമാതാക്കൾ

വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപേ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി നിർമാതാക്കൾ. ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയുന്നത് ഗുരുതരമായ കുറ്റമാണെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ്, ടെലിഗ്രാം, വെബ്‌സൈറ്റുകൾ തുടങ്ങിയവയിലോ മറ്റേതെങ്കിലും ഡിജിറ്റൽ സ്‌പെയ്‌സിലോ പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ നിയമോപദേശകൻ മുഖേന നോട്ടീസ് പുറപ്പെടുവിച്ച നിർമ്മാതാക്കൾ ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അനധികൃതമായ ഉള്ളടക്കം പങ്കിടുന്നത് കണ്ടെത്തിയാൽ ഉടനടി സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും നിർമാതാക്കൾ അറിയിച്ചു.

മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ജനനായകന്റെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

Exit mobile version