Site icon Malayalam News Live

ജമ്മു കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം സംസ്ഥാന സര്‍ക്കാര്‍ നാട്ടിലെത്തിക്കും.

 

തിരുവനന്തപുരം : ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാൻ നോര്‍ക്കയുടെ മൂന്നു ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചു. വ്യോമമാര്‍ഗം ചണ്ഡിഗഡില്‍ എത്തിയ ശേഷമാകും സംഘം ശ്രീനഗറിലേക്ക് പോവുക. മന്ത്രി എം.ബി. രാജേഷിനാണ് ഏകോപന ചുമതല. അതേസമയം, അപകടത്തില്‍ പരിക്കേറ്റവരെ ഡല്‍ഹിയിലെത്തിച്ച്‌ മികച്ച ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്യും. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതുണ്ട്. കൂടാതെ, അപകടം സംബന്ധിച്ച്‌ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ നടപടികളും പൂര്‍ത്തിയാക്കണം. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ സോജില ചുരത്തില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനില്‍ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുല്‍ (28), ശിവന്റെ മകൻ വിഗ് നേഷ് (23) എന്നിവരാണ് മരിച്ച മലയാളികള്‍. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാള്‍. ‌

സോനമാര്‍ഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പറയുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. മഞ്ഞുകട്ടകള്‍ വീണ്കിടക്കുന്ന റോഡില്‍ നിന്ന് വഴുതിയാണ് വാഹനം ചുരത്തിലെ യാദവ് മോറിലെ കൊക്കയിലേക്ക് പതിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായി തകര്‍ന്നിരുന്നു. മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3528 മീറ്റര്‍ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ്. മരിച്ച അനില്‍ കൂലിപ്പണിക്കാരനും സുധീഷ് തമിഴ്നാട്ടില്‍ സര്‍വേയറുമാണ്. രാഹുല്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ജീവനക്കാരനാണ്.

Exit mobile version