Site icon Malayalam News Live

87 പേര്‍ക്ക് സൗകര്യമുള്ള ജയിലിലുള്ളത് 215 പേര്‍; പ്രതികളെ ഇടാൻ സ്ഥലമില്ല, നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയില്‍

കൊച്ചി: ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലില്‍ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു.

87 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമുള്ള ജയിലില്‍ നിലവില്‍ 215 തടവുകാരാണുള്ളത്. ഇവരില്‍ മൂന്നിലൊന്നോളം പേർ ലഹരിക്കേസുകളില്‍ റിമാൻഡിലായവരാണ്. തടവുകാരുടെ എണ്ണം വർധിച്ചതോടെ പല ലോക്കപ്പ് മുറികളിലും കിടക്കാൻ പോലും മതിയായ സ്ഥലമില്ലാത്ത സാഹചര്യമാണുള്ളത്. ഒൻപത് വലിയ ലോക്കപ്പ് മുറികളും അഞ്ച് ചെറിയ ലോക്കപ്പ് മുറികളും നാല് സിംഗിള്‍ ലോക്കപ്പ് മുറികളുമാണ് ജയിലിലുള്ളത്. ഫാനുകള്‍ ഉണ്ടായിട്ടും തിരക്ക് കാരണം തടവുകാർ കടുത്ത ബുദ്ധിമുട്ടിലാണ്. ജില്ലാ ജയിലിന്‍റെ ആകെ ശേഷി 87 പുരുഷന്മാർ, ആറ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ, 11 വനിതകള്‍ എന്നിങ്ങനെയാണ്. എന്നാല്‍ വനിതാ ജയിലിലും ശേഷിയേക്കാള്‍ കൂടുതല്‍ പേരാണ് കഴിയുന്നത്. ഭൂരിഭാഗം പേരും റിമാൻഡ് തടവുകാരാണ്. ചെറിയ ശിക്ഷ ലഭിച്ച ഏതാനും പേരും ഇവർക്കൊപ്പമുണ്ട്.

സാധാരണയായി തടവുകാരുടെ എണ്ണം കൂടുമ്പോള്‍ സമീപ ജില്ലകളിലെ ജയിലുകളിലേക്ക് മാറ്റാറുണ്ടെങ്കിലും അവിടെയും തിരക്ക് വർധിച്ചതിനാല്‍ അതും പ്രായോഗികമല്ലാതായിട്ടുണ്ട്. ഇതോടെ സുരക്ഷാ വെല്ലുവിളികളും ഉയരുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 18 മുതല്‍ 21 വയസ്സ് വരെയുള്ള തടവുകാരെ ജില്ലാ ജയിലില്‍ പാർപ്പിക്കാതെ സമീപത്തെ ബോസ്റ്റല്‍ സ്കൂളിലേക്കാണ് മാറ്റുന്നത്. ഇല്ലെങ്കില്‍ നിലവിലെ തിരക്ക് ഇതിലും കൂടുതലാകുമായിരുന്നു.

 

2014ലെ ജയില്‍ ചട്ടപ്രകാരം ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റർ സ്ഥലം ലഭിക്കണം. എന്നാല്‍ കാക്കനാട് ജില്ലാ ജയിലിലെ എല്ലാ തടവുമുറികളുടെയും ആകെ വിസ്തൃതി 324 ചതുരശ്ര മീറ്റർ മാത്രമാണ്. 758 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ കഴിയേണ്ട തടവുകാരെയാണ് നിലവില്‍ അതിന്‍റെ പകുതിയോളം മാത്രം വിസ്തൃതിയുള്ള മുറികളില്‍ പാർപ്പിച്ചിരിക്കുന്നത്. പല റിമാൻഡ് തടവുകാരും മൂന്നോ നാലോ ആഴ്ചയ്ക്കകം പുറത്തിറങ്ങുന്നുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ പേർ പുതുതായി റിമാൻഡിലായി എത്തുന്നതാണ് തിരക്ക് കുറയാത്തതിന്‍റെ പ്രധാന കാരണമെന്ന് ജയില്‍ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

 

 

Exit mobile version